03.04.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ബാബക്ക് സമാനം ദയാഹൃദയരായി മാറി അനേകർക്ക് വഴി പറഞ്ഞുകൊടുക്കൂ. ഏതു കുട്ടികളാണോ രാത്രിയും പകലും സേവനത്തിൽ മുഴുകിയിരിക്കുന്നത് അവർ തന്നെയാണ് സമർത്ഥശാലികൾ.

ചോദ്യം :-
ഉയർന്ന ഭാഗ്യത്തിന്റെ മുഖ്യ ആധാരം ഏത് കാര്യത്തിലാണ്.

ഉത്തരം :-
ഓർമ്മയുടെ യാത്രയിൽ. ആര് എത്രത്തോളം ഓർമ്മയിൽ ഇരിക്കുന്നുവോ അത്രയും ഉയർന്ന ഭാഗ്യം ഉണ്ടാകുന്നു. ശരീര നിർവഹണാർത്ഥം കർമ്മം ചെയ്തുകൊണ്ടും ബാബയേയും സമ്പത്തിനേയും ഓർമ്മിക്കുകയാണെങ്കിൽ ഭാഗ്യം കൂടിക്കൊണ്ടിരിക്കും.

ഗീതം :-
ഭാഗ്യം ഉണർത്തി വന്നിരിക്കുകയാണ്...

ഓംശാന്തി.  
എപ്പോഴാണോ കുട്ടി ജന്മമെടുക്കുന്നത്, അപ്പോൾ തന്നോടൊപ്പം കർമ്മത്തിനനുസരിച്ചുള്ള ഭാഗ്യവും കൊണ്ടുവരുന്നു. ചിലർ ധനവാന്റെ അടുത്ത് ജന്മമെടുക്കും, ചിലർ ദരിദ്രരുടെ അടുത്ത് ജന്മമെടുക്കും. അവകാശി വന്നുകഴിഞ്ഞു എന്ന് അച്ഛനും മനസ്സിലാക്കും. എങ്ങനെയെങ്ങനെ ദാനപുണ്യ കർമ്മങ്ങൾ ചെയ്യുന്നുവോ അതിനനുസരിച്ച് ജന്മം ലഭിക്കുന്നു. ഇപ്പോൾ നിങ്ങൾ മധുരമധുരമായ കുട്ടികൾക്ക് കൽപത്തിനു ശേഷം ബാബ വീണ്ടും വന്ന് മനസ്സിലാക്കിത്തരികയാണ്. കുട്ടികൾക്കും അറിയാം, ഞാൻ എന്റെ ഭാഗ്യം കൊണ്ടു വന്നിരിക്കുകയാണ്. സ്വർഗത്തിലെ ചക്രവർത്തിപദവിയാകുന്ന ഭാഗ്യം കൊണ്ടുവരുകയാണ്. ആർക്കാണോ ഇത് നല്ല രീതിയിൽ അറിയുന്നത്, അവർ ബാബയെ ഓർമ്മിച്ചുകൊണ്ടേയിരിക്കും. ഓർമ്മയോടൊപ്പം ഭാഗ്യത്തിനും ബന്ധമുണ്ട്. ജന്മമെടുത്തെങ്കിൽ ഒപ്പം തന്നെ ബാബയുടെ ഓർമ്മയും ഉണ്ടായിരിക്കും. എത്രത്തോളം ഓർമ്മിക്കുന്നുവോ അത്രയും ഭാഗ്യം വർദ്ധിച്ചുകൊണ്ടിരിക്കും. എത്ര സഹജമായ കാര്യമാണ്. സെക്കന്റിൽ ജീവൻമുക്തി ലഭിക്കുന്നു. സുഖധാമത്തിലെ ഭാഗ്യം പ്രാപ്തമാക്കാനാണ് നിങ്ങൾ വന്നിരിക്കുന്നത്. ഇപ്പോൾ ഓരോരുത്തരും പുരുഷാർത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്. ഓരോരുത്തരും സ്വയത്തെ നോക്കികൊണ്ടിരിക്കുകയാണ്, നമ്മൾ എങ്ങനെയാണ് പുരുഷാർത്ഥം ചെയ്തുകൊണ്ടിരിക്കുന്നത്.എങ്ങനെയാണോ മമ്മ ബാബ, സേവനനിരതരായ കുട്ടികൾ പുരുഷാർത്ഥം ചെയ്യുന്നത് അവരെ ഫോളോ ചെയ്തുകൊണ്ടിരിക്കണം. എല്ലാവർക്കും ബാബയുടെ പരിചയം നൽകണം. ബാബയുടെ പരിചയം നൽകുമ്പോൾ രചനയുടെ ആദി-മദ്ധ്യ- അന്ത്യത്തിന്റേയും പരിചയം ഉൾപ്പെടും. ഋഷി, മുനി, മുതലായവർക്കൊന്നും രചനയുടെയും രചയിതാവിന്റേയും ആദി- മദ്ധ്യ-അന്ത്യത്തിന്റെയും ജ്ഞാനം നൽകാൻ സാധിക്കില്ല. ഇപ്പോൾ നിങ്ങളുടെ ബുദ്ധിയിൽ മുഴുവൻ ചക്രവും ഓർമ്മയിൽ വന്നു. ലോകത്തിലെ ആർക്കും ബാബയേയും സമ്പത്തിനേയും അറിയുകയില്ല. നിങ്ങൾ കുട്ടികൾക്ക് ബാബയേയും തന്റെ ഭാഗ്യത്തെയും അറിയാം. ഇപ്പോൾ ബാബയെ ഓർമ്മിക്കണം. ശരീരനിർവഹണാർത്ഥം തന്റെ കർമ്മവും ചെയ്യണം. കുടുംബത്തെ സംരക്ഷിക്കണം. ആരെങ്കിലും ബന്ധനമില്ലാത്തവരാണെങ്കിൽ നല്ല സേവനം ചെയ്യാൻ സാധിക്കും. കുട്ടികളൊന്നും ഇല്ലെങ്കിൽ അവർക്ക് സേവനത്തിന് വളരെ ചാൻസുണ്ട്. സ്ത്രീക്ക് പതിയുടെയും കുട്ടികളുടെയും ബന്ധനം ഉണ്ടായിരിക്കും. അഥവാ കുട്ടികളില്ലെങ്കിൽ ബന്ധനമുക്തമായിരിക്കാമല്ലോ. അവർ വാനപ്രസ്ഥികളെ പ്പോലെയായി. പിന്നെ മുക്തിധാമത്തിലേക്ക് പോകാനുള്ള കൂട്ട് വേണം. ഭക്തിമാർഗത്തിൽ സാധു സന്യാസിമാരുടെയും നിവൃത്തിമാർഗത്തിലുള്ളവരുടേയും സംഗം ലഭിക്കും. നിവൃത്തി മാർഗത്തിലുള്ളവർക്ക് പ്രവൃത്തിമാർഗത്തിലെ സമ്പത്ത് നൽകാൻ സാധിക്കില്ല. നിങ്ങൾ കുട്ടികൾക്കു മാത്രമേ നൽകാൻ സാധിക്കൂ. നിങ്ങൾക്ക് ബാബ വഴി പറഞ്ഞുതന്നിട്ടുണ്ട്. ഭാരതത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും 84 ജന്മങ്ങളെക്കുറിച്ചും മനസ്സിലാക്കിക്കൊടുക്കൂ. ഭാരതവാസികൾ തന്നെയാണ് 84 ജന്മങ്ങൾ എടുക്കുന്നത്. ഒരാളുടെ മാത്രം കാര്യമല്ല. സൂര്യവംശിയിൽ നിന്നും പിന്നീട് ചന്ദ്രവംശി, വൈശ്യവംശീ...... ഈ കുലത്തിലേക്കെല്ലാം വരുന്നു. നമ്പർവാർ തന്നെയായിരിക്കുമല്ലോ. ആദ്യ നമ്പറിലുള്ള രാജകുമാരനാണ് ശ്രീകൃഷ്ണൻ. കൃഷ്ണനെയാണ് ഊഞ്ഞാലിൽ ആട്ടുന്നത്. രണ്ടാം നമ്പറിലുള്ളവരെ ഊഞ്ഞാലിൽ ആട്ടുകയില്ല. എന്തുകൊണ്ടെന്നാൽ കല കുറഞ്ഞുപോയി. ആരാണോ ആദ്യ നമ്പറിലുള്ളവർ പൂജ അവർക്കാണു ലഭിക്കുക. കൃഷ്ണൻ ഒന്നാണോ അതോ രണ്ടോ മൂന്നോ ഉണ്ടോ, എന്ന് മനുഷ്യർ മനസ്സിലാക്കുന്നേയില്ല. കൃഷ്ണന്റെ രാജവാഴ്ചയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതാർക്കും അറിയുകയില്ല. നമ്പർവണ്ണിലുള്ളവരുടെ പൂജ മാത്രമേ ഉണ്ടാകുന്നുള്ളൂ. മാർക്കും നമ്പർവൈസായി തന്നെയാണ് ലഭിക്കുന്നത്. അതിനാൽ പുരുഷാർത്ഥം ചെയ്യണം,അതായത് എന്തുകൊണ്ട് നമുക്ക് ഫസ്റ്റ് നമ്പറിൽ വന്നുകൂടാ. മമ്മാ ബാബയെ ഫോളോ ചെയ്യൂ, അവരുടെ രാജധാനി നേടിയെടുക്കൂ. ആരാണോ നന്നായി സേവനം ചെയ്യുന്നത്, അവർ നല്ല മഹാരാജാവിന്റെ വീട്ടിൽ പോയി ജന്മമെടുക്കും. അവിടെത്തന്നെയാണ് മഹാരാജാവും മഹാറാണിയുമുള്ളത്. ആ സമയം രാജാ-റാണി എന്ന ടൈറ്റിൽ പോലും ഉണ്ടായിരുന്നില്ല. അതെല്ലാം പിന്നീട് വന്നതാണ്. അവിടെ വലിയ സമ്പത്തുള്ളവരെയാണ് രാജാ-റാണി എന്നു പറയുന്നത്.ദ്വാപരയുഗം മുതൽ എപ്പോഴാണോ പതീതമായി മാറിയത് പിന്നീട് മഹാരാജാവിന്റെ പദവി കുറഞ്ഞു പോകുന്നു. പ്രായലോപപ്പെടുന്നു. പിന്നീട് എപ്പോഴാണോ ഭക്തി മാർഗമാകുന്നത് അപ്പോൾ ധനവാനിലും ദരിദ്രനിലും വ്യത്യാസം ഉണ്ടാകുന്നു. ഇപ്പോൾ നിങ്ങൾ കുട്ടികൾ തന്നെയാണ് ശിവബാബയെ ഓർമ്മിക്കുന്നത്. ബാബയിൽ നിന്നും സമ്പത്ത് നേടിക്കൊണ്ടിരിക്കുകയാണ്. മറ്റു സത്സംഗങ്ങളിൽ മനുഷ്യർ ഇരുന്ന് കഥ കേൾപ്പിക്കുന്നു. മനുഷ്യൻ മനുഷ്യന് ഭക്തി പഠിപ്പിച്ചുകൊടുക്കുന്നു. അവർക്ക് ജ്ഞാനം നൽകി സദ്ഗതി ചെയ്യാൻ സാധിക്കില്ല. വേദം ശാസ്ത്രം മുതലായവയെല്ലാം ഭക്തിമാർഗത്തിലേതാണ്. ജ്ഞാനത്തിലൂടെയാണ് സദ്ഗതി ഉണ്ടാകുന്നത്. പുനർജന്മത്തെയും അംഗീകരിക്കുന്നുണ്ട്. ഇടക്ക് വെച്ച് ആർക്കും തിരിച്ചു പോകാൻ സാധിക്കുകയില്ല. അവസാനം ബാബ വന്ന് എല്ലാവരെയും കൂട്ടിക്കൊണ്ട് പോകുന്നു. ഇത്രയും ആത്മാക്കളെല്ലാം എവിടെപ്പോയി ഇരിക്കും. എല്ലാ ധർമ്മത്തിലുള്ളവരുടെയും സെക്ഷൻ വേറെ വേറെയാണ്. ഇതും മനസ്സിലാക്കിക്കൊടുക്കണം. ആത്മാക്കളുടെയും വൃക്ഷമുണ്ടെന്ന് ആർക്കും അറിയില്ല. കുട്ടികൾക്കറിയാം നമ്മൾ ഈ പഴയ ശരീരം ഉപേക്ഷിച്ച് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ഞാൻ ആത്മാവ് ഈ ശരീരത്തിൽ നിന്നും വേറെയാണ്. ഇത് മനസ്സിലാക്കുക അർത്ഥം ജീവിച്ചിരിക്കെ മരിക്കുക. നിങ്ങൾ മരിച്ചാൽ ലോകവും മരിച്ചു. മിത്ര സംബന്ധികൾ മുതലായവരെയെല്ലാം ഉപേക്ഷിച്ചു. ആദ്യം പൂർണ്ണമായും പഠിപ്പ് പഠിച്ച് പദവിക്ക് അധികാരിയായി മാറി, പിന്നീട് പോകണം. ബാബയെ ഓർമ്മിക്കുക എന്നത് വളരെ സഹജമാണ്. അഥവാ ആർക്കെങ്കിലും രോഗമാണെങ്കിൽ അവരോട് പറഞ്ഞുകൊണ്ടിരിക്കണം ശിവബാബയെ ഓർമ്മിക്കുകയാണെങ്കിൽ വികർമ്മം വിനാശമാകും. ആരാണോ പക്കാ യോഗി അവർ പെട്ടെന്ന് മരിക്കുന്നത് ശരിയല്ല, എന്തുകൊണ്ടെന്നാൽ അവർ യോഗത്തിലിരുന്ന് ആത്മീയ സേവനം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. മരിക്കുകയാണെങ്കിൽ സേവനം ചെയ്യാൻ സാധിക്കുകയില്ല. സേവനം ചെയ്യുന്നതിലൂടെ തന്റെ ഉയർന്ന പദവി ഉണ്ടാക്കിക്കൊണ്ടിരിക്കു കയാണ്. സഹോദരി -സഹോദരന്മാരുടെ സേവനവും നടക്കുന്നു. അവരും ബാബയിൽ നിന്നും സമ്പത്ത് നേടും. നമ്മൾ പരസ്പരം സഹോദരി-സഹോദരങ്ങളാണ്. ഒരച്ഛന്റെ മക്കളാണ്.

ബാബ പറയുന്നു, എന്നെ ഓർമ്മിക്കുകയാണെങ്കിൽ വികർമ്മം വിനാശമാകും. ആദ്യവും ഇങ്ങനെ പറഞ്ഞിട്ടുണ്ടായിരുന്നു. ആർക്കുവേണമെങ്കിലും മനസ്സിലാക്കാൻ സാധിക്കും. സഹോദരീ- സഹോദരാ നിങ്ങളുടെ ആത്മാവ് തമോപ്രധാനമായിക്കഴിഞ്ഞു. ആരാണോ സതോപ്രധാനമായിരുന്നത് അവർ തമോപ്രധാനമായി മാറി, ഇപ്പോൾ വീണ്ടും തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമായി മാറി, സതോപ്രധാനലോകത്തിലേക്ക് പോകണം. ഓർമ്മയുടെ യാത്രയിലൂടെ ആത്മാവിനെ സതോപ്രധാനമാക്കി മാറ്റണം. ഓർമ്മയുടെ പൂർണ്ണമായ ചാർട്ട് വെക്കണം. ജ്ഞാനത്തിന്റെ ചാർട്ട് വെക്കാൻ സാധിക്കില്ല. ബാബയാണെങ്കിൽ ജ്ഞാനം നൽകിക്കൊണ്ടിരിക്കുന്നുണ്ട്. എന്നിൽ വികർമ്മത്തിന്റെ ഭാരമുണ്ടോ എന്ന് പരിശോധിക്കണം. അതെങ്ങനെ ഇറക്കിവെക്കാം, ഇതിനു വേണ്ടി ഓർമ്മയുടെ ചാർട്ട് വെക്കണം. ഞാൻ എത്ര മണിക്കൂർ ഓർമ്മിച്ചു. മൂലവതനത്തെയും ഓർമ്മിക്കണം. പിന്നീട് പുതിയ ലോകത്തെയും ഓർമ്മിക്കണം. അവരുടെയും തയ്യാറെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. ബോംബ് മുതലായവയെല്ലാം ഉണ്ടാക്കിക്കൊണ്ടിരിക്കും. ഒരു വശത്ത് പറയും, ഞങ്ങൾ ഇങ്ങനെ മരണത്തിനു വേണ്ടിയുള്ള സാധനങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. മറുവശത്ത് പറയും, മരണത്തിനുള്ള സാധനങ്ങൾ ഉണ്ടാക്കരുത്. സമുദ്രത്തിനടിയിലും കൊല്ലാനുള്ള വസ്തുക്കൾ ഉണ്ടാക്കിയിട്ടുണ്ട്. മുകളിൽ വന്ന് ബോംബ് പൊട്ടിച്ച് പിന്നീട് സമുദ്രത്തിലെത്തും. ഇങ്ങനെ ഇങ്ങനെയുള്ള വസ്തുക്കളെല്ലാം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ഇതെല്ലാം അവരവരുടെ വിനാശത്തിനുവേണ്ടിയാണ് ഉണ്ടാക്കുന്നത്. മരണം മുന്നിൽ നിൽക്കുകയാണ്. ഇത്രയും വലിയ വലിയ കെട്ടിടങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. നിങ്ങൾക്കറിയാം ഇതെല്ലാം മണ്ണിൽ ലയിച്ചു ചേരും. ഭൂമിയിൽ എല്ലാം ലയിച്ചു ചേരും...... യുദ്ധം തീർച്ചയായും ഉണ്ടാകും. പ്രയത്നിച്ച് എല്ലാവരുടെയും പോക്കറ്റ് കാലിയാക്കും. കള്ളന്മാരെല്ലാം എത്രയാണ് നുഴഞ്ഞുകയറുന്നത്. യുദ്ധത്തിൽ എത്രയാണ് ചെലവു ചെയ്യുന്നത്. ഇതെല്ലാം മണ്ണിൽ ലയിച്ചു ചേരണം. കെട്ടിടങ്ങളെല്ലാം തന്നെ വീഴും. ബോംബുകളെല്ലാം വീഴുന്നതിലൂടെ സൃഷ്ടിയുടെ 3 ഭാഗം അവസാനിക്കും. ബാക്കി ഒരു ഭാഗം മാത്രം അവശേഷിക്കും. ഭാരതം ഒരു ഭാഗമാണല്ലോ. ബാക്കിയെല്ലാം ശേഷം വന്നിരിക്കുന്നവരാണ്. ഇപ്പോൾ ഭാരതത്തിന്റെ ഭാഗം മാത്രം രക്ഷപ്പെടും. മരണം എല്ലാവർക്കും ഉണ്ടാവുക തന്നെ വേണം. എങ്കിൽ എന്തുകൊണ്ട് നമുക്ക് ബാബയിൽ നിന്ന് പൂർണ്ണ സമ്പത്ത് നേടിക്കൂടാ. അതിനാലാണ് ബാബ പറയുന്നത്, ലൗകീകസംബന്ധികളുമായുള്ള കടമ നിറവേറ്റണം. ബാക്കി ബന്ധനമൊന്നുമില്ലെങ്കിൽ എന്തുകൊണ്ട് സേവനത്തിൽ മുഴുകിക്കൂടാ. സ്വതന്ത്രമാണെങ്കിൽ ധാരാളം പേരുടെ മംഗളം ചെയ്യാൻ സാധിക്കും. ശരി, പുറത്തെവിടെയും പോകുന്നില്ലെങ്കിൽ തന്റെ മിത്ര സംബന്ധികളിൽ തന്നെ ദയ കാണിക്കണം. ആദ്യം പറഞ്ഞിട്ടുണ്ടായിരുന്നല്ലോ ബാബാ, ദയ കാണിക്കൂ.... നിങ്ങൾക്ക് ഇപ്പോൾ വഴി ലഭിച്ചു കഴിഞ്ഞു. ഇപ്പോൾ മറ്റുള്ളവരുടെ മേൽ ബാബ ദയ കാണിക്കുന്നതു പോലെ നിങ്ങളും ദയ കാണിക്കണം. ബാബ പറയുന്നു നിങ്ങൾ എന്നെ ഓർമ്മിക്കുകയാണെങ്കിൽ വികർമ്മം വിനാശമാകും. സന്യാസി ധർമ്മത്തിലുള്ളവർ ഹഠയോഗം മുതലായവക്ക് എത്രയോ പരിശ്രമം ചെയ്യുന്നുണ്ട്. ഇവിടെ അതൊന്നുമില്ല. കേവലം ഓർമ്മിക്കുകയാണെങ്കിൽ പാപമെല്ലാം ഭസ്മമാകും. ഇതിൽ യാതൊരു ബുദ്ധിമുട്ടും ഇല്ല. കേവലം ഓർമ്മയുടെ യാത്രയുടെ കാര്യമാണ്. എഴുന്നേറ്റോളൂ, ഇരുന്നോളൂ, കർമ്മേന്ദ്രിയങ്ങളിലൂടെ കർമ്മങ്ങളെല്ലാം ചെയ്യൂ. കേവലം ബുദ്ധിയോഗം ബാബയിൽ വെക്കൂ. ഈയൊരു പ്രിയതമന്റെ സത്യം സത്യമായ പ്രിയതമയായി മാറണം. സ്വയം പറയുകയാണ്, അല്ലയോ പ്രിയതമകളേ, അല്ലയോ കുട്ടികളേ! ഭക്തി മാർഗത്തിൽ വളരെയധികം ഓർമ്മിച്ചു. എന്നാൽ ഇപ്പോൾ പ്രിയതമനായ എന്നെ ഓർമ്മിക്കുകയാണെങ്കിൽ നിങ്ങളുടെ പാപം ഭസ്മമാകും. ഞാൻ ഗ്യാരന്റി നൽകുകയാണ്. ചില ചില കാര്യങ്ങളെല്ലാം ശാസ്ത്രങ്ങളിലും എഴുതിയിട്ടുണ്ട്. ഭഗവാനിലൂടെ, ഗീത കേൾക്കുന്നതിലൂടെ നിങ്ങൾ ജീവൻമുക്തി നേടും. മനുഷ്യനിലൂടെ ഗീത കേൾക്കുന്നത് ജീവൻബന്ധനത്തിലേക്ക് വരും. ഏണിപ്പടി ഇറങ്ങിക്കൊണ്ടിരിക്കും. ഓരോ കാര്യത്തെക്കുറിച്ചും വിചാരസാഗരമഥനം ചെയ്യണം. തന്റെ ബുദ്ധിയെ പ്രവർത്തിപ്പിക്കണം. ഇത് ബുദ്ധിയുടെ യാത്രയാണ്. ഇതിലൂടെ വികർമ്മം വിനാശമാകും. വേദം, ശാസ്ത്രം, യജ്ഞം, തപം മുതലായവ ചെയ്യുന്നതിലൂടെ പാപം നാശമാവുകയില്ല. താഴേക്ക് വീഴുക തന്നെ ചെയ്യും. ഇപ്പോൾ നിങ്ങൾക്ക് മുകളിലേക്ക് പോകണം. ഏതുവരെ ഏണിപ്പടി എന്താണെന്നറിയില്ലയോ, അതുവരെക്കും ഏണിപ്പടിയിലൂടെ ആർക്കും ഒന്നും മനസ്സിലാക്കാൻ സാധിക്കുകയില്ല. എങ്ങനെയാണോ കൊച്ചുകുട്ടികൾക്ക് ചിത്രം വെച്ച് പഠിപ്പിക്കുന്നത് - ഇത് ആനയാണ്. എപ്പോഴൊക്കെ ആനയെ കാണുന്നുവോ അപ്പോൾ ചിത്രവും ഓർമ്മ വരും. ഇങ്ങനെ നിങ്ങളുടെ ബുദ്ധിയിലും വരുന്നു. ചിത്രത്തിൽ സദാ ചെറിയ വസ്തുക്കൾ കാണിക്കാറുണ്ടല്ലോ. നിങ്ങൾക്കറിയാമല്ലോ വൈകുണ്ഠം വളരെ വലുതായിരിക്കും. വലിയ രാജധാനിയായിരിക്കും. അവിടെ വജ്രങ്ങൾ കൊണ്ടും വൈഢൂര്യങ്ങൾ കൊണ്ടുമുള്ള കൊട്ടാരങ്ങൾ ഉണ്ടായിരിക്കും. പിന്നീട് പ്രായലോപപ്പെടും. എല്ലാ വസ്തുക്കളും അപ്രത്യക്ഷമാകും. ഇല്ലെങ്കിൽ ഈ ഭാരതം എങ്ങനെ ഇത്രയും ദരിദ്രമായി മാറി. ധനവാനിൽ നിന്നും ദരിദ്രനും, ദരിദ്രരിൽ നിന്നും ധനവാനുമായി മാറണം. ഈ ഡ്രാമ ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമാണ്. ഇതിനു വേണ്ടി ഏണിപ്പടിയുടെ ചിത്രം വെച്ച് മനസ്സിലാക്കികൊടുക്കണം. പുതിയവർ വരുമ്പോൾ അവർക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിലൂടെ പ്രാക്ടീസ് ലഭിക്കും, വായ തുറക്കും. സേവനത്തിനു യോഗ്യമായ കുട്ടികളെ തയ്യാറാക്കണം. പല സെന്ററുകളിലും ധാരാളം കുട്ടികൾ അശാന്തി പരത്തുന്നവരായിട്ടുണ്ട്. ബുദ്ധിയോഗം പുറമേ അലഞ്ഞു തിരിഞ്ഞുകൊണ്ടിരിക്കുമ്പോൾ നഷ്ടമുണ്ടാക്കിക്കൊണ്ടിരിക്കും. അന്തരീക്ഷം മോശമാക്കിക്കൊണ്ടിരിക്കും. നമ്പർവൈസ് ആണല്ലോ. പിന്നീട് ബാബ പറയും, നിങ്ങൾ പഠിച്ചില്ല. അതിനാൽ നിങ്ങളുടെ അവസ്ഥ നിങ്ങൾ നോക്കൂ. ഓരോ ദിവസം കൂടുന്തോറും കൂടുതൽ സാക്ഷാത്ക്കാരം ഉണ്ടായിക്കൊണ്ടിരിക്കും. സ്വയം അനുഭവം ചെയ്യുന്നുണ്ട്. എന്നാൽ പിന്നീട് പറയും- എന്തു ചെയ്യാനാണ്, എന്റെ ഈ സ്വഭാവം ഇല്ലാതാകുന്നില്ല. അതിനാൽ വീട്ടിൽ പോയി ഇരിക്കാം. ചിലരാണെങ്കിൽ നന്നായി സേവനം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ചിലരാണെങ്കിൽ ഡിസർവ്വീസും ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. നമ്മുടെ സേനയിൽ ആരെല്ലാമാണ് സമർത്ഥശാലികൾ, ബാബ പേരു പോലും പറഞ്ഞുതരും. ബാക്കി യുദ്ധം മുതലായവയുടെ കാര്യമൊന്നും ഇവിടെയില്ല. ഇത് പരിധിയില്ലാത്ത കാര്യമാണ്. നല്ല കുട്ടിയാണെങ്കിൽ ബാബ തീർച്ചയായും മഹിമ പാടും. കുട്ടികൾ വളരെയധികം ദയാഹൃദയരും മംഗളകാരിയുമായി മാറണം. അന്ധൻമാരുടെ ഊന്നു വടിയായി മാറണം. എല്ലാവർക്കും വഴി പറഞ്ഞുകൊടുക്കണം. ബാബയെ ഓർമ്മിക്കുകയാണെങ്കിൽ വികർമ്മം വിനാശമാകും. പാപാത്മാവ്, പുണ്യാത്മാവ് എന്ന് പറയാറുണ്ടല്ലോ. അല്ലാതെ- ഉള്ളിൽ പരമാത്മാവാണ് എന്നല്ല. ആത്മാവ് എപ്പോഴെങ്കിലും പരമാത്മാവായി മാറുമോ? ഇതെല്ലാം തെറ്റായ കാര്യങ്ങളാണ്. പരമാത്മാവിൽ ഒരൽപം പോലും പാപം ഉണ്ടാവുകയില്ല. പരമാത്മാവിന് സേവനം ചെയ്യാനുള്ള പാർട്ടാണ് ഡ്രാമയിലുള്ളത്. മനുഷ്യൻ തന്നെയാണ് പുണ്യാത്മാവും പാപാത്മാവുമായി മാറുന്നത്. ആരാണോ സതോപ്രധാനമായിരുന്നത് അവരാണ് തമോപ്രധാനമായി മാറിയത്. അവരുടെ ശരീരത്തിൽ ബാബ ഇരുന്ന് സതോപ്രധാനമാക്കി മാറ്റുന്നു. അവരുടെ മതമനുസരിച്ച് നടക്കണം.

ഇപ്പോൾ ബാബ നിങ്ങൾ കുട്ടികളെ വിശാലബുദ്ധിയുള്ളവരാക്കി മാറ്റി. എങ്ങനെയാണ് രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുന്നത് എന്ന് ഇപ്പോൾ നിങ്ങൾക്കറിയാം. ബാബ തന്നെ ബ്രഹ്മാശരീരത്തിൽ വന്ന് ബ്രഹ്മാമുഖവംശാവലി കുട്ടികളെ രാജയോഗം പഠിപ്പിച്ച് ദേവീ-ദേവതയാക്കി മാറ്റുന്നു. പിന്നീട് പുനർജന്മമെടുത്ത് ഏണിപ്പടി ഇറങ്ങുന്നു. പിന്നീട് ഇതെല്ലാം ആവർത്തിച്ചുകൊണ്ടിരിക്കും. ബാബ പിന്നീട് ബ്രഹ്മാവിലൂടെ സ്ഥാപന നടത്തികൊണ്ടിരിക്കുന്നു. യോഗബലത്തിലൂടെ നിങ്ങൾ 5 വികാരങ്ങളുടെ മേൽ വിജയം നേടി ജഗദ്ജീത്തായി മാറുന്നു. ബാക്കി യുദ്ധം മുതലായവയുടെ കാര്യമൊന്നുമില്ല. ശരി!

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയഅച്ഛന്റെ ആത്മീയകുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബന്ധനമുക്തമായി മാറി ബാബയുടെ സേവനത്തിൽ മുഴുകിയിരിക്കണം. അപ്പോഴേ ഉയർന്ന ഭാഗ്യം ഉണ്ടാവുകയുള്ളൂ. ദയാഹൃദയരായി മാറി അനേകർക്ക് വഴി പറഞ്ഞുകൊടുക്കണം. അന്ധൻമാരുടെ ഊന്നുവടിയായി മാറണം.

2) ഈ ശരീരത്തോടുള്ള മമത്വത്തെ ഇല്ലാതാക്കി ജീവിച്ചിരിക്കെ മരിക്കണം. എന്തുകൊണ്ടെന്നാൽ തിരിച്ച് വീട്ടിലേക്ക് പോകണം. രോഗങ്ങളിലും ഒരു ബാബയെ ഓർമ്മിക്കുകയാണെങ്കിൽ വികർമ്മം വിനാശമാകും.

വരദാനം :-
മംഗളകാരി ഭാവനയിലൂടെ ഓരോ ആത്മാക്കളുടേയും സംസ്ക്കാരങ്ങളെ പരിവർത്തനം ചെയ്യുന്ന നിശ്ചയബുദ്ധിയായി ഭവിക്കട്ടെ.

എങ്ങിനെയാണോ ബാബയിൽ നൂറ് ശതമാനം നിശ്ചയമുള്ളത്,അതിനെ ആര് എത്ര ശ്രമിച്ചാലും ഇളക്കാനാകാത്തത് അതുപോലെ ദൈവീകപരിവാരത്തിൽ നിന്നും ലോകത്തിലെ മറ്റാത്മാക്കളിൽ നിന്നും എങ്ങിനെയുള്ള പരീക്ഷകൾ വന്നാലും,ക്രോധിച്ചു മുന്നിൽ വന്നാലും, ഇൻസൾട്ട് ചെയ്താലും അതിലൊന്നും ഇളകരുത്. അപ്പോഴും ഓരോ ആത്മാവിനെ പ്രതിയും മംഗളകാരി ഭാവന ഉണ്ടാകണം.മംഗളകാരി ഭാവന അവരുടെ സംസ്ക്കാരങ്ങളെ പരിവർത്തനപ്പെടുത്തും.ഇക്കാര്യത്തിൽ ഒരിക്കലും അധൈര്യം കാണിക്കരുത്. സമയം വരുമ്പോൾ ഫലം ലഭിക്കുക തന്നെ ചെയ്യും. ഇത് ഡ്രാമയിൽ നിശ്ചിതമാണ്.

സ്ലോഗന് :-
പവിത്രതയുടെ ശക്തിയിലൂടെ തന്റെ സങ്കൽപങ്ങളെ ശുദ്ധവും ജ്ഞാനസ്വരൂപവുമാക്കി മാറ്റി ദുർബലതകളെ സമാപ്തമാക്കൂ.

അവ്യക്തസൂചന-മഹാനായി മാറുന്നതിനായി മധുരതയുടേയും നമ്രതയുടേയും ഗുണങ്ങളെ ധാരണ ചെയ്യൂ.

വാക്കുകളിൽ സദാ സത്യതയും മധുരതയുമുണ്ടെങ്കിൽ വാക്കുകൾക്ക് മാർക്ക് ലഭിച്ചുകൊണ്ടിരിക്കും.മധുരതയുടെ ഗുണം ജീവിതത്തിലുണ്ടെങ്കിൽ ഓരോ വാക്കും മുത്തുകൾ പോലെയായി മാറും.സംസാരിക്കുകയല്ല മുത്തുകൾ പൊഴിയുകയാണ് എന്ന് തോന്നും. കേൾക്കുന്നവർക്ക്, ഞങ്ങൾക്കും ഇങ്ങിനെ സംസാരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന ആഗ്രഹമുണ്ടാകും. എല്ലാവർക്കും താങ്കളുടെ വാക്കുകൾ കേട്ട് മനസ്സിലാക്കാനും ഫോളോ ചെയ്യാനുമുള്ള പ്രേരണ ലഭിക്കും.മാത്രമല്ല ഇങ്ങിനെയുള്ള മധുരമായ സംസാരത്തിന്റെ വൈബ്രേഷനുകൾ എല്ലാവരേയും താനേ ആകർഷിക്കുകയും ചെയ്യും.