09.08.26    Avyakt Bapdada     Malayalam Murli    02.03.2011     Om Shanti     Madhuban


'മാസ്റ്റർ സർവ്വശക്തിവാന്റെ സ്വമാനത്തിന്റെ സീറ്റിലിരുന്ന്, പരസ്പരം ഉന്മേഷവും ഉത്സാഹവും പകർന്ന്, സഹയോഗിയായി വ്യർത്ഥ സങ്കല്പങ്ങളാകുന്ന എരിക്കിൻ പൂക്കൾ സമർപ്പിച്ച് ഒന്നാം നമ്പർ സമ്മാനം നേടൂ.


ഇന്ന് നിങ്ങളെല്ലാവരും, ഒപ്പം ചുറ്റുമുള്ള എല്ലാ കുട്ടികളും അമൃതവേള മുതൽ വളരെ സ്നേഹം നിറഞ്ഞ ആശംസകൾ തങ്ങളുടെ പ്രേമത്തോടും സന്തോഷത്തോടും കൂടി നൽകിക്കൊണ്ടിരിക്കു
കയാണ്. അതുകൊണ്ട് ബാബയും നിങ്ങൾ എല്ലാ പ്രിയപ്പെട്ട കുട്ടികൾക്ക് ഈ ജയന്തിയുടെ ആശംസകൾ നൽകാൻ വന്നിരിക്കുകയാണ്. ഓരോ കുട്ടിയും ബാബയ്ക്ക് അങ്ങേയറ്റം പ്രിയപ്പെട്ടവരും ഹൃദയത്തോട് ചേർന്നവരുമാണ്. അതിനാൽ ബാപ്ദാദ തന്റെ കൈകളാകുന്ന മാലയാൽ നിങ്ങൾക്ക് ഏവർക്കും ആശംസകൾ നൽകുകയാണ്.

ബാപ്ദാദ കാണുന്നുണ്ട്, നിങ്ങൾ മുന്നിലിരുന്ന് ആശംസകൾ നൽകുകയും വാങ്ങുകയും ചെയ്യുന്നുണ്ട്; എന്നാൽ ചുറ്റുമുള്ള കുട്ടികൾ പല സ്ഥലങ്ങളിൽ നിന്നായി ആശംസകൾ നേരുന്നുണ്ട്. ബാബയും വിദേശത്തും സ്വദേശത്തുമുള്ള എല്ലാ കുട്ടികൾക്കും അങ്ങേയറ്റം സ്നേഹപൂർവ്വം ആശംസകൾ നൽകുന്നു. ഓരോ കുട്ടിയും സന്തോഷം നിറഞ്ഞ മുഖത്തോടെ സ്നേഹക്കടലിന്റെ അലകളിൽ നീന്തുന്നത് ബാപ്ദാദ കാണുന്നുണ്ട്. ബാബയ്ക്ക് സന്തോഷമുണ്ട് ബാബ തനിച്ചല്ല വരുന്നത്, കുട്ടികളോടൊപ്പമാണ് വരുന്നത്. കാരണം ബാബ വരുന്നത് തന്നെ യജ്ഞം രചിക്കാനാണ്. അപ്പോൾ യജ്ഞത്തിൽ ആരാണ് ഉള്ളത്? ബ്രാഹ്മണർ. അതുകൊണ്ട് ബാബ തനിയെ വരാതെ കുട്ടികളോടൊപ്പം വന്നിരിക്കുന്നു. കാരണം ഈ ജയന്തി എല്ലാ ജയന്തികളെക്കാളും അത്ഭുതകരമാണ്. മുഴുവൻ കല്പ്ത്തിലും അച്ഛനും കുട്ടികളും ഒരുമിച്ച് ജന്മമെടുക്കുന്ന ഒരേയൊരു ജയന്തി ഇതാണ്. അതുകൊണ്ടാണ് ഈ ജയന്തിയെ വജ്രതുല്യ ജയന്തി എന്ന് വിളിക്കുന്നത്. ബാബ പ്രത്യേകിച്ചും ആദിരത്നങ്ങളായ കുട്ടികൾക്ക് പ്രത്യേകമായ ആശംസകൾ നൽകുന്നു. അപ്പോൾ നിങ്ങളെല്ലാവരും ഇന്ന് ആശംസകൾ നൽകാനാണോ അതോ വാങ്ങാനാണോ വന്നിരിക്കുന്നത്! നമ്മൾ ഒന്നിച്ചു ജീവിക്കും, ഒന്നിച്ചു പറക്കും, ഒന്നിച്ചു വരും, ബ്രഹ്മാബാപ്പയോടൊപ്പം രാജ്യം ഭരിക്കും എന്നാണ് ബാബയുടെ വാക്ക്. കൂടെ ജീവിക്കുമെന്നതാണ് വാഗ്ദാനം. നിങ്ങളും എന്താണ് പറയാറുള്ളത്? ബാബ എവിടെയുണ്ടോ, അവിടെ ഞങ്ങളും ഒപ്പമുണ്ടാകും. ഇതാണ് കുട്ടികൾക്ക് ബാബയോടും, ബാബയ്ക്ക് കുട്ടികളോടുമുള്ള വാഗ്ദാനം. ശരീരം കൊണ്ട് എവിടെയായിരുന്നാലും ഹൃദയത്തിൽ എപ്പോഴും ബാബ കൂടെയുണ്ട്; അതുകൊണ്ടാണ് ബാബയെ ദിലാറാം (ഹൃദയത്തിന് ആശ്വാസം നൽകുന്നവൻ) എന്ന് വിളിക്കുന്നത്. ഇവിടെ ഇതിന്റെ സ്മാരകമായി ദിൽവാഡ ക്ഷേത്രവുമുണ്ട്. അപ്പോൾ എല്ലാവരുടെയും ഹൃദയത്തിൽ ദിലാറാം കൂടെയുണ്ടല്ലോ! ബാബ എപ്പോഴും കുട്ടികളോട് പറയാറുണ്ട്, ഒരിക്കലും ഒറ്റയ്ക്കാവരുത്. എപ്പോഴും കൂടെയുണ്ട്, കൂടെത്തന്നെ കഴിയണം. ഒറ്റയ്ക്കായാൽ മായ അതിന്റെ അവസരം മുതലെടുക്കും; എന്നാൽ കൂടെയുള്ളത് സ്വയം ലൈറ്റ് ഹൗസ് ആണെങ്കിൽ, അതിന്റെ മുന്നിൽ നിന്ന് മായ ദൂരേക്ക് ഓടിപ്പോകും, അടുത്ത് വരാൻ പോലും കഴിയില്ല. അതുകൊണ്ട് കുട്ടികൾക്ക് ബാബയോടും ബാബയ്ക്ക് കുട്ടികളോടും എപ്പോഴും കൂടെയുണ്ടാകും എന്ന വാഗ്ദാനമുണ്ട്. നിങ്ങൾക്കെല്ലാവർക്കും ഈ വാഗ്ദാനമുണ്ടല്ലോ, അല്ലേ! നമ്മൾ ഒന്നിച്ചാണ്, ഒന്നിച്ചുണ്ടാകും. ഒന്നിച്ചുണ്ടായിരിക്കുന്നത് ഇഷ്ടമാണല്ലോ, അല്ലേ? അതെ, കൈകൾ ഉയർത്തൂ.

അമൃതവേളയിൽ ഓരോ കുട്ടിയും ബാബയോട് ഹൃദയം തുറന്ന് സംസാരിക്കാറുണ്ടെന്ന് ബാപ്ദാദ കണ്ടു. സാധാരണ സമയങ്ങളിൽ സമയം കിട്ടാറില്ല, എന്നാൽ അമൃതവേളയിൽ ഓരോരുത്തരും വളരെ മധുരമുള്ള ഹൃദയസംഭാഷണങ്ങൾ നടത്താറുണ്ട്. ബാബയും ഓരോ കുട്ടിയുടെയും ഹൃദയത്തിലെ വാക്കുകൾ കേട്ട് എല്ലാ കാര്യങ്ങൾക്കും മറുപടി നൽകുന്നു. ഞാൻ ഹൃദയം കൊണ്ട് എന്റെ ബാബ എന്ന് വിളിക്കുമ്പോൾ ബാബ ഹാജരാകുന്നു. എന്നതിൽ എല്ലാവർക്കും വലിയ സന്തോഷമുണ്ട്. യജമാനൻ ഹാജരാകുന്നു. ഇതിൽ ഹൃദയത്തിന്റെ കാര്യം മാത്രമേയുള്ളൂ, വേറൊന്നും ചെയ്യേണ്ടതില്ല. ഹൃദയം കൊണ്ട് 'എന്റെ ബാബ' എന്ന് പറഞ്ഞു, യജമാനൻ ഹാജരായി.

ഇന്ന് നാലുഭാഗത്ത് നിന്നും ബാപ്ദാദയുടെ കാതുകളിൽ മധുരമുള്ള ഗീതം മുഴങ്ങുന്നുണ്ടായിരുന്നു. ഏത് ഗീതം? എന്റെ ബാബ, പ്രിയപ്പെട്ട ബാബ, മധുരമുള്ള ബാബ. ബാപ്ദാദയും കുട്ടികളുടെ സ്നേഹത്തിൽ ലയിച്ചിരുന്നു, ലയിച്ചിരിക്കുന്നു. ഇപ്പോൾ ബാപ്ദാദ നിങ്ങളുടെ സ്നേഹത്തിന്റെ ദിവ്യമായ കർത്തവ്യം കണ്ട് പറയുന്നു, നിങ്ങളുടെ ഭക്തരും ബുദ്ധി കുറഞ്ഞവരല്ല. അവരും നിങ്ങളുടെ സ്മാരകങ്ങളുടെ വളരെ നല്ല പകർപ്പുകൾ ഉണ്ടാക്കിയിട്ടുണ്ട്. ദ്വാപരയുഗത്തിൽ വന്നു, ആദ്യത്തെ ജന്മം എങ്ങനെയും സതോപ്രധാനമായിരിക്കും; കാരണം ആത്മാവ് പരന്ധാമത്തിൽ നിന്നാണ് വരുന്നത്.

അതുകൊണ്ട് ഇന്ന് ഭക്തരിലേക്കും ദൃഷ്ടി പതിഞ്ഞു. വളരെ യുക്തിപൂർവ്വമാണ് പകർപ്പുകൾ ഉണ്ടാക്കിയിരിക്കുന്നത്. കാരണം നിങ്ങളുടെ തുടക്കകാലത്തെ സവിശേഷ ഭക്തർ, നിങ്ങളുടെ പ്രായോഗിക കർമ്മങ്ങൾ എങ്ങനെയോ, അതുപോലെ തന്നെ സ്മാരകങ്ങളുടെ നല്ല പകർപ്പുകൾ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ നിങ്ങളുടേത് പ്രായോഗികമാണ്, അവരുടേത് സ്മാരകമാണ്.

ഉദാഹരണത്തിന് നിങ്ങൾ വ്രതമെടുത്തു; ഏത് വ്രതമാണ് എടുത്തത്? പവിത്രതയുടെ വ്രതം. അപ്പോൾ അവരും വ്രതമെടുക്കുന്നു, വ്രതത്തിന്റെ കോപ്പി ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ നിങ്ങളുടെ വ്രതം ഒരു ജന്മത്തിൽ എടുക്കുന്നതിലൂടെ അനേകം ജന്മങ്ങൾ നിലനിൽക്കുന്നു. അവർ ഒരു ദിവസത്തേക്ക് പവിത്രമായിരിക്കുകയും ശുദ്ധമായ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. നിങ്ങളുടെ വ്രതം 21 ജന്മങ്ങൾക്കുള്ളതാണ്, അവരുടേത് അല്പകാലത്തേക്കുള്ളതാണ്. അതുപോലെ തന്നെ ജാഗരണം; നിങ്ങൾ വെളിച്ചത്തിലേക്ക് വന്നപ്പോൾ ലോകത്തിലെ മുഴുവൻ ഇരുട്ടും ഇല്ലാതാക്കി. അരകല്പത്തോളം ഇരുട്ടിന് വരാൻ കഴിയില്ല. മനസ്സിന്റെ ഇരുട്ട് മാറ്റി, പുറമേ പ്രകൃതിയുടെ ദുഃഖമാകുന്ന ഇരുട്ടും മാറ്റി. അവരും അതിന്റെ കോപ്പി ഉണ്ടാക്കി ജാഗരണം നടത്തുന്നുണ്ട്. മറ്റൊരു കാര്യം, നിങ്ങൾ ബാബയ്ക്കായി ബലി സമർപ്പിച്ചു, ബലിയായി മാറി. പൂർണ്ണമായി സമർപ്പണമായി. അപ്പോൾ അവരും കോപ്പി ചെയ്തു; എന്നാൽ അവർ തങ്ങളെത്തന്നെയല്ല ബലി കൊടുക്കുന്നത്. ആരെയാണ് ബലി കൊടുക്കുന്നത് എന്ന് നിങ്ങൾക്കറിയാമല്ലോ! ആടിനെയാണ് ബലി കൊടുക്കുന്നത്. അവർ എന്തുകൊണ്ട് ആടിനെ തന്നെ തിരഞ്ഞെടുത്തു, മറ്റാരെയും തിരഞ്ഞെടുത്തില്ല? എല്ലാവരും ചിരിക്കുകയാണ്, നിങ്ങൾക്കറിയാം! ഞാൻ എന്ന ഭാവം വെടിഞ്ഞ് നിമിത്ത ഭാവം ധാരണ ചെയ്യൂ എന്ന് ബാബ കുട്ടികൾക്ക് വീണ്ടും വീണ്ടും സൂചന നൽകാറുണ്ട്. അവരും ആടിനെ തിരഞ്ഞെടുത്തത് അതുകൊണ്ടാണ്, കാരണം ആടും എപ്പോഴും 'മേം മേം (ഞാൻ ഞാൻ) എന്ന് കരയാറുണ്ട്. അപ്പോൾ ഭക്തരുടെ ബുദ്ധി അദ്ഭുതപ്പെടുത്തുന്നത് തന്നെയാണല്ലോ, അല്ലേ! നിങ്ങളുടെ ഭക്തരല്ലേ. ബാബയുടെയും നിങ്ങളുടെയും ഭക്തരാണ്. അതുകൊണ്ടാണ് ബാബ നിങ്ങളുടെ ഭക്തർക്കും, അതായത് സത്യമായ ഹൃദയത്തോടെ ഭക്തി ചെയ്യുന്നവർക്ക്, ഭക്തിയുടെ എന്തെങ്കിലും ഫലം നൽകുന്നത്. അവരും സദാ സത്യസന്ധരും സാത്വികരുമായി ജീവിക്കുന്നു, സന്തോഷമായിരിക്കുന്നു. ദുഃഖത്തിൽ ദുഃഖിക്കുന്നില്ല, കാരണം സത്യമായ ഹൃദയത്തോടെയാണ് ഭക്തി ചെയ്യുന്നത്. അതുകൊണ്ട് ബാബയും ഇപ്പോൾ കുട്ടികളായ നിങ്ങൾക്ക് ഈ സൂചനയാണ് നൽകുന്നത് ഞാൻ എന്ന ഭാവം കൊണ്ടുവരരുത്. ഞാൻ പറയുന്നത് തന്നെ നടക്കണം, ഞാൻ പറയുന്നതാണ് ശരി, അത് തന്നെ സംഭവിക്കണം എന്ന ഭാവം വരരുത്. ഈ ഞാൻ, ഞാൻ എന്നത് രണ്ട് തരത്തിലുണ്ട്. ഒന്ന് സാധാരണ ഞാൻ, ഞാൻ ശരീരധാരിയാണ്, ദേഹധാരിയാണ് എന്നത്. രണ്ടാമത്തേത് വളരെ സൂക്ഷ്മമായ ഞാൻ ആണ്. അതിൽ ബാബയുടെ ദാനത്തെപ്പോലും ഞാൻ ചെയ്തു, ഞാൻ പറഞ്ഞു, ഞാൻ ചെയ്യുന്നു, എന്ന് കരുതുന്നതിലൂടെ ബാബയുടെ വിശേഷതകളിലും ഞാൻ എന്ന ഭാവം വരുന്നു. ജ്ഞാനം മനസ്സിലാക്കുന്നതിലും വിശേഷതകളെ മനസ്സിലാക്കുന്നതിലും ഈ സൂക്ഷ്മമായ അഹംഭാവം കടന്നുകൂടുന്നു. അതുകൊണ്ട് ബാബ എപ്പോഴും സൂചന തന്നുകൊണ്ടിരിക്കുന്നുണ്ട്, ഞാനും എന്റെതും എന്നത് എപ്പോഴും, എന്റെ ബാബ എന്നതിലേക്ക് മാത്രമായിരിക്കണം, ഹൃദയത്തിന്റെ അടുപ്പം. പരിധിയുള്ള എന്റെത് എന്റെ പേര്, എന്റെ പ്രശസ്തി എന്നതിനെ ഇല്ലാതാക്കി, ഞാൻ ബാബയുടേതാണ്, ബാബ എന്റേതാണ് എന്ന് കരുതുമ്പോൾ എത്ര വലിയ സന്തോഷമാണ് ഉണ്ടാകുന്നത്! ഭഗവാൻ എന്റേതായിക്കഴിഞ്ഞു, ഇനി മറ്റെന്താണ് വേണ്ടത്!

അതുകൊണ്ട് ഒന്ന് സാധാരണ എന്റേത്, മറ്റൊന്ന് സൂക്ഷ്മമായ എന്റേത്. ഈ സൂക്ഷ്മമായ എന്റേത് എന്ന ഭാവം മനസ്സിനെ അശുദ്ധമാക്കുന്നു, എന്നാൽ എന്റെ ബാബ എന്നത് നമ്മെ സമ്പന്നനാക്കുന്നു.

ഇന്ന് ജന്മദിനം ആഘോഷിക്കാൻ വന്നിരിക്കുകയാണ്! സ്വന്തം ജന്മദിനവും ആഘോഷിക്കാൻ വന്നതാണല്ലോ! കുട്ടികളില്ലാതെ ബാബ ഒന്നും ചെയ്യാറില്ല, അതുകൊണ്ടാണ് ഇന്ന് ബാബ കുട്ടികളുടെ ജന്മദിനത്തിന്റെ ആശംസകൾ നേരാൻ വന്നിരിക്കുന്നത്. വാഹ് എന്റെ കുട്ടികളേ വാഹ്!

ഇനി ഒരു കാര്യം പറയട്ടേ, തയ്യാറാണോ? പറയട്ടേ? ചെയ്യേണ്ടി വരും. കൈകൾ ഉയർത്തൂ, ചെയ്യുമോ? ഡബിൾ വിദേശികൾ ചെയ്യുമോ? ടീച്ചേഴ്സ് ചെയ്യുമോ? നല്ലത്. അപ്പോൾ ഇന്ന് ബാപ്ദാദ ഓർമ്മചിഹ്നങ്ങളിൽ ശിവപരമാത്മാവിന്റെ ഓർമ്മചിഹ്നത്തിൽ എരുക്കിൻ പൂവ് അർപ്പിക്കുന്നതുപോലെ, റോസാപ്പൂവോ മറ്റ് പൂക്കൾ അർപ്പിക്കാറില്ല, എരുക്കിൻ പൂവാണ് അർപ്പിക്കുന്നത്. അതുപോലെ ഇന്ന് ബാപ്ദാദ നിങ്ങൾക്ക് ഏത് കാര്യം അർപ്പിക്കണം എന്നതിനുള്ള ഹോംവർക്ക് നൽകാൻ ആഗ്രഹിക്കുന്നു. തയ്യാറാണല്ലോ! നല്ലത്.

കുട്ടികളുടെ ഈ രീതി ബാബയ്ക്ക് വളരെ ഇഷ്ടമാണ്, 'ഹാ ജി' (ശരി) എന്ന് എല്ലാവരും പറയുന്നു. അതുകൊണ്ട് ഇന്ന് ബർത്ത് ഡേയിൽ ബാബയുടെ സങ്കല്പം ഇതാണ് എല്ലാവരും പരസ്പരം ഉന്മേഷവും ഉത്സാഹവും നൽകിക്കൊണ്ട്, പരസ്പരം സഹയോഗികളായി, വ്യർത്ഥ സങ്കല്പങ്ങളുടെ എരുക്കിൻ പൂവ് അർപ്പിക്കുക. വ്യർത്ഥ സങ്കല്പങ്ങൾ ചെയ്യുകയോ, കേൾക്കുകയോ അരുത്. അത്തരം കൂട്ടുകെട്ടിൽ വന്ന് വ്യർത്ഥ സങ്കല്പങ്ങളുടെ കൂട്ടുകെട്ടിന്റെ നിറം നിങ്ങളുടെ മേൽ പതിപ്പിക്കരുത്. കാരണം എവിടെ വ്യർത്ഥ സങ്കല്പങ്ങൾ ഉണ്ടോ, അവിടെ ഓർമ്മയുടെ സങ്കല്പവും, ജ്ഞാനത്തിന്റെ മധുര വചനങ്ങളും മുരളി എന്ന് പറയുന്നത്, ആ ശുദ്ധ സങ്കല്പങ്ങൾ സ്മൃതിയിൽ ഉണ്ടാവില്ല.

മുരളി കേൾക്കുകയോ വായിക്കുകയോ ഒക്കെ ചെയ്യുന്നുണ്ടാകാം, അത് ആവശ്യമാണ്, ബ്രാഹ്മണരുടെ നിയമമാണ്. എന്നാൽ അത് കേൾക്കുന്നതിൽ മാത്രം ഒതുങ്ങും, മനസ്സിൽ മനനം നടക്കില്ല. ചിന്തിക്കുകയും, പറയുകയും ചെയ്യും ഇന്നത്തെ മുരളി വളരെ നന്നായിരുന്നു... ചിന്തിക്കുകയാണ് എന്തായിരുന്നു അത് എന്ന്... വരദാനവും വളരെ നന്നായിരുന്നു, പക്ഷേ അത് ഓർമ്മ വരുമോ.... വ്യർത്ഥ സങ്കല്പങ്ങൾ മനസ്സിനെയും ബുദ്ധിയെയും തന്റെ ഭാഗത്തേക്ക് ആകർഷിക്കുന്നവയാണ്. ബാബയുടെ മുന്നിൽ നിങ്ങൾ എന്താണ് പറയാറുള്ളത് എന്ന് അറിയാമോ? ബാബ, താല്പര്യമുള്ള വാർത്തകൾ കേൾക്കണമല്ലോ? നോളഡ്ജ്ഫുൾ ആകണം, എന്നാൽ വ്യർത്ഥമായ കാര്യങ്ങൾ പദവി പ്രാപ്തിയിൽ നഷ്ടം വരുത്തും.

അപ്പോൾ നിങ്ങളെല്ലാവരും വ്യർത്ഥ സങ്കല്പങ്ങൾ ഉപേക്ഷിക്കാമെന്ന് ബാബയ്ക്ക് വാക്ക് നൽകുന്നുണ്ടോ? നിങ്ങൾ പറയുമായിരിക്കും: ഞങ്ങൾ ആഗ്രഹിക്കുന്നില്ല, പക്ഷേ അത് വന്നുപോകുന്നു. ആഗ്രഹിക്കുന്നില്ലെങ്കിലും വന്നുപോകുന്നു. അങ്ങനെയെങ്കിൽ ദൃഢസങ്കല്പത്തോടെ അത് ബാബയ്ക്ക് നൽകിക്കൂടേ? ആദ്യം നൽകാൻ അറിയാമോ? ബാബയ്ക്ക് നൽകിക്കഴിഞ്ഞു. നൽകിയ സാധനം വീണ്ടും നിങ്ങളുടെ അടുത്ത് തിരിച്ചുവന്നാൽ, നിങ്ങൾ കൈവശം വെക്കുമോ അതോ തിരികെ കൊടുക്കുമോ? നൽകിയ സാധനം നിങ്ങൾ നിങ്ങളുടെ അടുത്ത് തന്നെ വെക്കുകയാണെങ്കിൽ നിങ്ങളുടെ ടൈറ്റിൽ എന്തായിരിക്കും? അതുകൊണ്ട് ബാബയ്ക്ക് ഒരു തവണ സ്വന്തം താല്പര്യത്തോടെ ദൃഢമായി അത് നൽകൂ. എന്നിട്ട് വീണ്ടും വീണ്ടും പരിശോധിക്കൂ നൽകിയ സാധനം നമ്മുടെ അടുത്ത് തിരിച്ചുവന്നിട്ടുണ്ടോ! മറ്റൊരാളുടെ സാധനം സ്വന്തമാക്കുന്നത് നല്ലതായി കരുതുന്നില്ല. അതുകൊണ്ട് ദിവസവും വിശ്രമിക്കുന്നതിന് മുൻപ് വിശ്രമം പിന്നെയാകാം, ആദ്യം പരിശോധിക്കൂ ഇന്ന് ദിവസം മുഴുവൻ എന്തെങ്കിലും വ്യർത്ഥ സങ്കല്പം വന്നോ? അത് ചെയ്തോ? നൽകിയ സാധനം തിരികെ എടുത്തോ?

ഇന്ന് ജന്മദിന സമ്മാനം നൽകാനുള്ള ധൈര്യമുണ്ടോ! ധൈര്യമുണ്ടോ? കൈകൾ ഉയർത്തൂ, ധൈര്യമുണ്ടോ? എവിടെ ധൈര്യമുണ്ടോ അവിടെ ബാപ്ദാദയും നിങ്ങൾക്ക് സമ്മാനം നൽകും. നിങ്ങൾ ഹൃദയത്തിൽ നിന്ന് പറയൂ: എന്റെ ബാബ, ദയാലുവും കൃപാലുവുമായ ബാബ, അങ്ങ് ഈ കാര്യം സ്വീകരിച്ചാലും. ഹൃദയത്തിൽ നിന്ന് പറഞ്ഞാൽ ബാബ കൂടുതൽ സമ്മാനം നൽകും. കാരണം ധൈര്യം നിങ്ങളുടേതാണെങ്കിൽ, എക്സ്ട്രാ സഹായം ബാബ നൽകും. എവിടെ ധൈര്യമുണ്ടോ അവിടെ ബാബയുടെ സഹായം തീർച്ചയായും ഉണ്ട്, ഇത് അനുഭവിച്ചറിഞ്ഞിട്ടുള്ള
താണല്ലോ.

കാരണം ബാപ്ദാദ കുറേക്കാലമായി സൂചന നൽകിക്കൊണ്ടിരിക്
കുകയാണ് ഇനി തീവ്ര പുരുഷാർത്ഥത്തിന്റെ പാതയാണ്, മൂന്ന് ബിന്ദുക്കൾ ഇടുക. ഞാൻ ബിന്ദുവാണ്, ബിന്ദുവായ ബാബയെ ഓർമ്മിക്കണം, കഴിഞ്ഞുപോയ കാര്യങ്ങൾക്ക് ബിന്ദു (ഫുൾസ്റ്റോപ്പ്) ഇടണം. ഇതിനെയാണ് ബാപ്ദാദ മനനം ചെയ്യാൻ പറയുന്നത് ബിന്ദു ആകണം, ബിന്ദുവിനെ കാണണം, ബിന്ദു ഇടണം. അതുകൊണ്ട് ബിന്ദുവിന് വലിയ പ്രാധാന്യമുണ്ട്. ഇന്നത്തെ കാലത്തും ബിന്ദുവിന് വലിയ പ്രാധാന്യമുണ്ട്. നോക്കൂ, പണം എണ്ണുമ്പോൾ... ഇന്നത്തെ കാലത്ത് എല്ലാവർക്കും ഏറ്റവും കൂടുതൽ സ്നേഹം എന്തിനോടാണ്? പണത്തോട്. അപ്പോൾ പണം എങ്ങനെയാണ് കൂടുന്നത്? ബിന്ദു ചേർത്തുകൊണ്ടിരിക്കൂ. 10 എന്നതിന് ശേഷം ഒരു ബിന്ദു ഇട്ടാൽ അത് 100 ആകും. അടുത്ത ബിന്ദു ഇട്ടാൽ അത് 1000 ആകും. അങ്ങനെ ബിന്ദുവിന് പ്രാധാന്യമുണ്ട്, പക്ഷേ യഥാർത്ഥ ബിന്ദു ഏതാണെന്ന് മറന്നുപോയിരിക്കുന്നു. അപ്പോൾ ഇന്ന് ബാബയ്ക്ക് ജന്മദിന സമ്മാനം നൽകിയോ? നൽകിയോ? ഹൃദയത്തിൽ നിന്ന് നൽകിയോ? ഇനി എന്തിന്, എങ്ങനെയെന്ന് പറയില്ലല്ലോ? 'എങ്ങനെ ചെയ്യും, എന്ത് ചെയ്യും? 'എന്ന ഈ പരാതികളുടെ ഭാഷ മോശമാണ്. എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം എന്ന വശങ്ങളിലേക്ക് പോകരുത്. അപ്പോൾ സമ്മാനം നൽകാൻ സന്തോഷത്തോടെയാണോ കൈകൾ ഉയർത്തിയത് അതോ ഈ കൂട്ടായ്മയിൽ ഉള്ളതുകൊണ്ട് നിർബന്ധിതമായിട്ടാണോ? കാരണം നിർബന്ധിതമായി ചെയ്യുന്നത്

എപ്പോഴും ഉണ്ടാകില്ല, ചിലപ്പോഴൊക്കെ മാത്രമേ ഉണ്ടാകൂ. എന്നാൽ ഹൃദയം കൊണ്ട് ചെയ്യുന്നവർക്ക് അത് ചെയ്യുക തന്നെ വേണം, അങ്ങനെ ആയിത്തീരുക തന്നെ വേണം. സമ്മാനം നൽകിക്കഴിഞ്ഞു, അത് നൽകുക തന്നെ വേണം. ഇത്തരത്തിൽ സന്തോഷത്തോടെ സങ്കൽപ്പം ചെയ്യുകയാണെങ്കിൽ, സർവ്വശക്തനായ പിതാവിന്റെ കുട്ടികളായ, മാസ്റ്റർ സർവ്വശക്തർ' ആയ നിങ്ങൾക്ക് ഇത് എന്തൊരു വലിയ കാര്യമാണോ! തന്റെ സീറ്റിലിരിക്കുക, മാസ്റ്റർ സർവ്വശക്തൻ എന്ന സീറ്റിൽ എപ്പോഴും സ്ഥിരമായിരിക്കുക. ഇത് മറക്കരുത്. ഇത് നിങ്ങളുടെ സ്വമാനമാണ്. സ്വന്തം സ്വമാനം ആരും ഉപേക്ഷിക്കാറില്ല. സ്വമാനത്തിന് വേണ്ടിയാണല്ലോ പോരാടുന്നത്. അതുകൊണ്ട് ഇന്ന് ബാബയ്ക്ക് നിങ്ങളോട് വലിയ

സ്നേഹം തോന്നി; ചെറിയ ചെറിയ കാര്യങ്ങളിൽ പോലും സ്വന്തം സ്വമാനം പരമാത്മാവ് നൽകിയ സ്വമാനം, ആളുകൾ നൽകിയ ബഹുമാനത്തിൽ എത്രമാത്രം ലഹരിയാണ് ഉണ്ടാകുന്നത്! ഇത് പരമാത്മാവ് നൽകിയ സ്വമാനമാണ്, അതായത് മാസ്റ്റർ സർവ്വശക്തിവാൻ. നിങ്ങൾക്ക് എന്തും ചെയ്യാൻ സാധിക്കും. ധൈര്യമില്ലേ? തല കുലുക്കൂ. കൈകളല്ല, തല കുലുക്കൂ. ധൈര്യമുണ്ടോ? ടീച്ചേഴ്സ്, നിങ്ങൾക്ക് ഇത് ചെയ്യിക്കേണ്ടി വരും, ഇതിൽ ശ്രദ്ധ നൽകേണ്ടി വരും. നിങ്ങൾ ഇത് ചെയ്യുകയും ശ്രദ്ധ ആകർഷിച്ചുകൊണ്ട് മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കുകയും വേണം. നിങ്ങൾ അതിനായി നിമിത്തമായവരാണല്ലോ. പിന്നീട് നമുക്ക് നോക്കാം ഏത് ക്ലാസാണ്, ആരുടെ ക്ലാസാണ് ഒന്നാം സ്ഥാനം നേടുന്നതെന്ന്? അങ്ങനെയുള്ളവർക്ക് നല്ല സമ്മാനം നൽകും. ഏത് സമ്മാനമാണെന്ന് ഇപ്പോൾ പറയുന്നില്ല, മികച്ച സമ്മാനം നൽകും. ക്ലാസ് മുഴുവനായി ഇതിനായി പരിശ്രമിക്കണം. ഒരാൾ മാത്രം ചെയ്തു എന്നല്ല, ഭൂരിഭാഗം പേരും ചെയ്യണം.

ഇന്ന് ബാപ്ദാദയ്ക്ക് ഓരോ കുട്ടിയോടും ഒന്നാം സ്ഥാനത്ത് വരണമെന്ന സ്നേഹമാണ് തോന്നുന്നത്. രണ്ടാം സ്ഥാനത്ത് പോലുമല്ല. ആദ്യത്തെ രാജസിംഹാസനത്തിൽ രണ്ട് പേർ ഇരിക്കുമെങ്കിലും, ആദ്യത്തെ രാജധാനിയിൽ, ആദ്യത്തെ രാജവംശത്തിന്റെ ബന്ധത്തിൽ വരണം. രണ്ടാം നമ്പർ ആയിക്കഴിഞ്ഞു, എന്നാൽ രാജ്യം ഭരിക്കണമെങ്കിൽ, രാജ്യത്തിന്റെ അധികാരിയാകണമെങ്കിൽ ആദ്യം രാജ്യത്തിൽ വരണം. അതുകൊണ്ട് ഓരോ കുട്ടിയും ഏതെങ്കിലും ഒരു വിശേഷതയിൽ നമ്പർ വൺ ആകണമെന്നാണ് ബാപ്ദാദയുടെ കുട്ടികളോടുള്ള സ്നേഹം. നമ്പർവാർ അല്ല, നമ്പർ വൺ. ആ ആവേശമുണ്ടോ? നമ്പർ വൺ ആകണമെന്നുണ്ടോ, അതോ ലഭിക്കുന്നത് എന്തായാലും നല്ലത് എന്നാണോ? നല്ലത്, നല്ലത് എന്ന് മാത്രം പറയരുത്. ഓരോ കുട്ടിയും ഏതെങ്കിലും ഒരു അത്ഭുതപ്രവർത്തിയിൽ നമ്പർ വൺ ആകണമെന്നാണ് ബാബയുടെ ആഗ്രഹം. നാല് വിഷയങ്ങൾ ഉണ്ട്, അതിൽ ഏതെങ്കിലും ഒരു വിഷയത്തിൽ നമ്പർ വൺ ആകുക തന്നെ വേണം. ആകുക തന്നെ വേണം എന്നതിന് അടിവരയിടൂ. ശരി, അധികം കഠിനാധ്വാനം തരുന്നില്ല, ഏതെങ്കിലും ഒരു സബ്ജക്റ്റിൽ നമ്പർ വൺ ആകുക. ഇത് എളുപ്പമല്ലേ! ബാക്കി, ഇന്നത്തെ ദിവസം അമൃതവേളയിൽ ഓരോ കുട്ടിയും മിലൻ ആഘോഷിക്കുമ്പോൾ വളരെ പ്രസന്നതയുള്ള, സന്തോഷത്തോടെ ചിരിക്കുന്ന മുഖങ്ങളാണ് കണ്ടത്. ബാബയും ഓരോ കുട്ടിക്കും എപ്പോഴും പറക്കുന്ന കല യുടെ വരദാനം നൽകി. നടക്കുന്ന കല യല്ല, പറക്കുന്ന കല. അതുകൊണ്ട് ബാപ്ദാദയുടെ ഇന്നത്തെ ഈ വരദാനം ഓർമ്മിക്കുക. ബാപ്ദാദ നിങ്ങളുടെയും തന്റെയും ജയന്തിയിൽ എന്താണ് വരദാനം നൽകിയത്? പറക്കുന്ന കല ഭവ? നിങ്ങളും ദിവസം മുഴുവൻ ശിവരാത്രി ഉത്സവം ഹൃദയത്തിൽ ആഘോഷിച്ചുവല്ലോ. അതുകൊണ്ട് എല്ലാവരും നല്ലവരാണ്, നല്ലവരായി തുടരും, ഏറ്റവും നല്ല രാജപദവി പ്രാപിക്കും. എല്ലാവരും നല്ലവരല്ലേ! ബാബ എപ്പോഴും നല്ലത് മാത്രമേ കാണാറുള്ളൂ. ശരി.

നാലുപാടുമുള്ള, മുന്നിലിരിക്കുന്നവരായാലും ശരി, അവരവരുടെ സ്ഥാനങ്ങളിലിരുന്ന് ആഘോഷിക്കുന്നവരായാലും ശരി, എല്ലാവരെയും കണ്ട് ബാപ്ദാദയും സന്തോഷിക്കുന്നു, കുട്ടികളും ബാബയുമായുള്ള മിലനം കണ്ട് സന്തോഷിക്കുന്നു. എന്നാൽ ഇന്നത്തെ സങ്കൽപ്പം എപ്പോഴും സന്തോഷമായിരിക്കുക എന്നതായിരിക്കണം. ചിലപ്പോഴൊക്കെ ഉള്ളതല്ല, എപ്പോഴും സന്തോഷം. ആര് കണ്ടാലും നിങ്ങളുടെ മുഖം കണ്ട് ചിന്തിക്കണം ഇവർ വളരെ ഭാഗ്യവാനായ ഒരു ആത്മാവാണെന്ന് തോന്നുന്നുവല്ലോ എന്ന്. നിങ്ങളുടെ ഭാഗ്യം പെരുമാറ്റത്തിലും മുഖത്തിലും ദൃശ്യമാകണം. മനസ്സിൽ ഒരുപാടുണ്ട് എന്ന് പറഞ്ഞാൽ മാത്രം പോരാ. നിങ്ങളുടെ ഭാഗ്യവാനായ മുഖം, പ്രസന്നമായ മുഖം മറ്റുള്ളവർക്ക് പരിചയം നൽകും. മുഖം സംസാരിക്കും, ഇവിടെ എന്തോ ഒന്നുണ്ടെന്ന്. നിങ്ങളുടെ മുഖം സേവനം ചെയ്യണം. അത് ബാബയുടെ അടുക്കലേക്ക് എത്തിക്കണം. സന്തോഷത്തോടെ ഇരിക്കുക എന്നതും സേവനത്തിനുള്ള ഒരു മാർഗ്ഗമാണ്. അതുകൊണ്ട് നാലുപാടുമുള്ള കുട്ടികൾക്ക് നിങ്ങളുടെ ജന്മദിനത്തിന്റെ കോടാനുകോടി ആശംസകൾ, ആശംസകൾ, ആശംസകൾ. ശരി.

വരദാനം :-
സംശയത്തിന്റെ സങ്കൽപ്പങ്ങളെ അവസാനിപ്പിച്ച്, മായാജീത്ത് ആയിത്തീരുന്ന വിജയരത്നമായി ഭവിക്കട്ടെ.

നമുക്ക് പരാജയം സംഭവിക്കുമോ എന്ന് അറിയില്ലല്ലോ എന്ന സംശയത്തിന്റെ സങ്കൽപ്പം ഒരിക്കലും മുൻകൂട്ടി ഉണ്ടാകരുത്. സംശയബുദ്ധി ആകുമ്പോഴാണ് പരാജയം സംഭവിക്കുന്നത്. അതുകൊണ്ട് ഞങ്ങൾ വിജയം നേടിത്തന്നെ കാണിക്കും എന്ന സങ്കൽപ്പം എപ്പോഴും ഉണ്ടായിരിക്കണം. വിജയം ഞങ്ങളുടെ ജന്മസിദ്ധാവകാശമാണ്. ഇത്തരത്തിൽ അധികാരിയായിരുന്ന് കർമ്മം ചെയ്യുന്നതിലൂടെ വിജയം, അതായത് സഫലതയുടെ അധികാരം തീർച്ചയായും ലഭിക്കും. ഇതിലൂടെ നിങ്ങൾ വിജയരത്നമായി മാറും. അതുകൊണ്ട് മാസ്റ്റർ നോളജ്ഫുൾ ആയവരുടെ നാവിൽ നിന്ന് അറിയില്ല എന്ന വാക്ക് ഒരിക്കലും വരാൻ പാടില്ല.

സ്ലോഗന് :-
ദയയുടെ ഭാവന വളരെ എളുപ്പത്തിൽ തന്നെ നിമിത്ത ഭാവം ഉണർത്തുന്നു.

അവ്യക്ത സൂചന- അപവിത്രതയുടെ വിത്തിനെപ്പോലും സമാപ്തമാക്കി സമ്പൂർണ്ണ സ്വച്ഛം (പവിത്രം) ആകൂ.

തൊട്ടാവാടി ചെടി ചെറിയൊരു സ്പർശനം കൊണ്ട് ശക്തിഹീനമായി വാടിപ്പോകുന്നത് പോലെ, അതിന് അധികം സമയം ആവശ്യമില്ല. അതുപോലെ, നിങ്ങൾ ഒരു സെക്കൻഡിലെ ശുദ്ധ സങ്കൽപ്പത്തിന്റെ ശക്തിയിലൂടെ മായയെ തൊട്ടാവാടിയെപ്പോലെ ബോധരഹിതമാക്കൂ. സ്വന്തം നിജസ്വരൂപം, വരദാനിസ്വരൂപം എപ്പോഴും സ്മൃതിയിൽ ഉണ്ടായിരിക്കുകയാണെങ്കിൽ, അപവിത്രതയുടെയോ വിസ്മൃതിയുടെയോ പേരോ അടയാളം പോലും ബാക്കിയുണ്ടാകില്ല.